03:32pm 11 October 2026
NEWS
ഡൽഹിയിൽ ഇന്നും പ്രതിഷേധം ശക്തം; വിദ്യാർഥികളെ വലിച്ചിഴച്ച് പൊലീസ്; നേതാക്കൾ കസ്റ്റഡിയിൽ
11/10/2026  12:48 PM IST
nila
ഡൽഹിയിൽ ഇന്നും പ്രതിഷേധം ശക്തം; വിദ്യാർഥികളെ വലിച്ചിഴച്ച് പൊലീസ്; നേതാക്കൾ കസ്റ്റഡിയിൽ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം രാജ്യതലസ്ഥാനത്ത് ഇന്നും ശക്തമായി തുടരുന്നു. കൊണാട്ട് പ്ലേസിൽ പ്രതിഷേധിച്ച വിദ്യാർഥികളെ കേന്ദ്രസേനയും പൊലീസും ചേർന്ന് ബലംപ്രയോഗിച്ച് നീക്കി. റോഡിലിരുന്ന് സമരം ചെയ്ത എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐഎസ്എഫ്, എഐവൈഎഫ് പ്രവർത്തകരെയാണ് വലിച്ചിഴച്ച് മാറ്റിയത്. ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സി. തോമസ്, എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ആദർശ് എം. സജി എന്നിവരുൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജന്തർ മന്തറിൽനിന്ന് ഏകദേശം 200 മീറ്റർ അകലെയാണ് കൊണാട്ട് പ്ലേസിൽ പ്രതിഷേധം നടന്നത്. നഗരത്തിൽ പ്രതിഷേധം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന്റെ പേരിൽ പൗരസ്വാതന്ത്ര്യം തടയരുതെന്ന് സുപ്രീംകോടതി നിർദേശിച്ചു. പ്രത്യേക സിറ്റിങ് നടത്തിയ കോടതി, ഡൽഹി മെട്രോയുടെ പ്രവർത്തനം സാധാരണ നിലയിൽ തുടരണമെന്നും ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തരുതെന്നും വ്യക്തമാക്കി.

അതിനിടെ, അറസ്റ്റിലായ സിജെപി നേതാക്കൾക്ക് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. അഭിജീത് ദിപ്കെ ഉൾപ്പെടെയുള്ള നേതാക്കൾക്കാണ് ജാമ്യം ലഭിച്ചത്. ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചതെന്ന് പാർട്ടിയുടെ ലീഗൽ അഫയേഴ്‌സ് മേധാവി രത്നസിങ് അറിയിച്ചു.

നേതാക്കളുടെ മോചനത്തിനു പിന്നാലെ 'പാറ്റകൾ മരിക്കില്ല' എന്ന കുറിപ്പുമായി സിജെപി എക്സിൽ പോസ്റ്റ് പങ്കുവച്ചു. അതേസമയം, ഇന്നലെ കസ്റ്റഡിയിലെടുത്ത ഇൻഫ്ലുവൻസർ ധ്രുവ് റാഠിയെ പൊലീസ് വിട്ടയച്ചു. തന്നെ അറസ്റ്റ് ചെയ്തതല്ലെന്നും തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിക്കെതിരെയും ധ്രുവ് റാഠി രൂക്ഷവിമർശനം ഉന്നയിച്ചു.

സിജെപി ഉച്ചയ്ക്ക് രണ്ടിന് വാർത്താസമ്മേളനം നടത്തി തുടർനീക്കങ്ങൾ വിശദീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസേനയും പൊലീസും ഉൾപ്പെടെ 65,000 പേരെ സുരക്ഷാ ചുമതലകൾക്കായി വിന്യസിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img